ഹാജര്‍ കുറവ്; വിനീതിനെ ഏജിസ് ജോലിയില്‍ നിന്നും പുറത്താക്കുന്നു!

ഇന്ത്യന്‍ താരവും മലയാളിയുമായ സികെ വിനീതിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ ഏജിസ് ആണ് വിനീതിനെ ജോലിയില്‍ പുറത്താക്കാനുളള നീക്കം നടത്തുന്നത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനീതിനെതിരെ നടപടി സ്വീകരിക്കാന്‍ എജീസ് ഒരുങ്ങുന്നത്.
അതെസമയം തനിക്കെതിരെയുളള നീക്കത്തിനെതിരെ സികെ വിനീത് രംഗത്തെത്തി. ഫുട്ബോള്‍ മാറ്റിവെച്ച് ജോലിയില്‍ തുടരാനില്ലെന്നും സ്പോട്സ് ക്വാട്ടയില്‍ ജോലിക്ക് കയറിയ തന്നോട് കളിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉളളതെന്ന് വിനീത് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബിലെയും അംഗമാണ്. ഈയടുത്ത നടന്ന ഐലീഗില്‍ ടോപ് സ്‌കോററായ ഇന്ത്യന്‍ താരം എന്ന നേട്ടം വിതീത് സ്വന്തമാക്കിയിരുന്നു.
ബംഗളൂരു എഫ്‌സിക്കായി 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് വിനീത് അടിച്ചുകൂട്ടിയത്. വിനീതിനെ കൂടാതെ ഇന്ത്യന്‍ നായകനും ബംഗളൂരു എഫ്‌സിയിലെ സഹതാരവുമായ സുനില്‍ ചേത്രിയും ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 16 മത്സരങ്ങളില്‍ നിന്നാണ് സുനില്‍ ചേത്രിയുടെ ഈ ഗോള്‍ നേട്ടം.
നേരത്തെ ഐഎസ്എല്ലിലും വിനീത് ഗോള്‍വേട്ട നടത്തിയിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി സികെ വിനീത് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോള്‍ നേടിയ ഇയാന്‍ ഹ്യൂമായിരുന്നു ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍. രണ്ടാം സ്ഥാനമായിരുന്നു വിനീതിന്. നിലവില്‍ ലോകകപ്പ് യോഗ്യററൗണ്ട് കളിക്കുന്ന ഇന്ത്യന്‍ ടീമിലേയും അംഗമാണ് വിനീത്.

© 2024 Live Kerala News. All Rights Reserved.