ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി വീണ്ടും രംഗത്ത്. ഗവര്‍ണര്‍ പി സദാശിവം പിണറായിയെ പേടിയാണെങ്കില്‍ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചാണ് അഫ്‌സ്പ കേരളത്തിലേക്കും കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചത്.
ബിജെപിയുടെ പരാതിയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കുകയും പരാതി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയതിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്.
കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വകവെയ്ക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്(അഫ്‌സ്പ) കേരളത്തിലേക്ക് ഇറക്കുമതി ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഗവര്‍ണര്‍ അധികാരം ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് രാജ്ഭവനില്‍ ഒ രാജഗോപാല്‍ എംഎല്‍എ എത്തിയത്.
ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് അഫ്‌സപ കൊണ്ടുവരണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയത്.