കൊല്ലപ്പെട്ട അല്‍ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ അല്‍ഖ്വെയ്ദയെ നയിക്കാന്‍ ഒരുങ്ങുന്നതായി എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍.9/11 ഭീകരാക്രമണത്തിന് ശേഷം ബിന്‍ ലാദന് വേണ്ടിയുള്ള അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബിന്‍ ലാദനെ കൊലപ്പെടുത്തിയ റെയിഡിനിടയില്‍ ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചെന്ന് സിബിഎസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്താക്കി.
ബിന്‍ ലാദന്റെ ആശയങ്ങളെ പരിപൂര്‍ണമായി പിന്തുണച്ചിരുന്ന ഹംസ ലാദന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അല്‍ഖ്വെയ്ദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാന്‍ വെളിപ്പെടുത്തി. ബില്‍ ലാദനെ കൊലപ്പെടുത്തിയ റെയിഡിനിടയില്‍ കണ്ടെത്തിയ കത്തുകള്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. കത്തെഴുതുമ്പോല്‍ 22 വയസ് മാത്രമേ ഹംസയ്ക്ക് പ്രായമുള്ളൂ. കൊല്ലന്റെ ആലയിലെ കാരിരുമ്പായാണ് താന്‍ തന്നെ കാണുന്നതെന്ന് ഹംസയുടെ കത്തില്‍ പറയുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്നും കത്തില്‍ പറയുന്നു.
ഇപ്പോള്‍ 28 വയസുള്ള ഹംസയ്ക്ക് ജിഹാദികളെ ഒരുമിപ്പിക്കാനും പ്രേരിപ്പിക്കാനും കഴിയുമെന്ന് അലി സൗഹാന്‍ മുന്നറിയിപ്പും നല്‍കുന്നു. പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസയെന്നും സൗഹാന്‍ പറയുന്നു. ഹംസയുടെ സന്ദേശങ്ങളെല്ലാം ഒസാമ ബില്‍ ലാദന്റേതിന് സമാനമാണ്. ലാദന്‍ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് ഹംസയും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നത് പോലെ തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാന്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി രണ്ട് ശബ്ദ സന്ദേശങ്ങളാണ് ഹംസയുടേതായി പുറത്ത് വന്നത്. അമേരിക്കന്‍ ജനതയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്നതാണ് രണ്ട് സന്ദേശങ്ങളും. ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്ഥാനോടും അമേരിക്ക ചെയ്ത തെറ്റിന് പകരം വീട്ടുമെന്നും സന്ദേശത്തിലുണ്ട്.