തിരുവനന്തപുരം: കണ്ണൂരില്‍ സായുധസേനാ പ്രത്യേക അധികാരനിയമം(അഫ്സ്പ) നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ അധികാരം ഉപയോഗപ്പെടുത്തണം.
അക്രമ പരമ്പരകളേക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും കുമ്മനം ആരോപിച്ചു. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആയ ബിജുവാണ് കൊല്ലപ്പെട്ടത്. പയ്യന്നൂരിലെ സിപിഐ(എം) പ്രവര്‍ത്തകനായിരുന്ന ധന്‍രാജിനെ കൊലപെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. പാലക്കോട് പാലത്തിന് സമീപത്തുവെച്ച് ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്ത്തിയശേഷം മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്ന് മരിച്ചു.കൊലപാതകത്തെത്തുടര്‍ന്ന് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സിപിഐ(എം) പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബിജു രണ്ട് ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 2016 ജൂലൈയിലാണ് രാമന്തളി കുന്നരുവില്‍ സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.