യാത്രക്കാര്‍ക്ക് വീണ്ടും റെയില്‍വെയുടെ ഇരുട്ടടി; കേരളത്തില്‍ 24 സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു; ലാഭകരമല്ലെന്ന് വിശദീകരണം

പാലക്കാട്: കേരളത്തില്‍ 24 ട്രെയിന്‍ സര്‍വ്വീസുകള്‍ റെയില്‍വെ വെട്ടിക്കുറച്ചു. പാലക്കാട്, തിരുവനന്തപുരം, സേലം ഡിവിഷിനകളിലുള്ള ട്രെയിനുകളുടെ സര്‍വ്വിസാണ് റെയില്‍വെ നിര്‍ത്തലാക്കിയത്. ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തുകയാണെന്നാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച നടപടിയെകുറിച്ച് റെയില്‍വെ വിശദീകരിക്കുന്നത്.
കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് 24 സര്‍വ്വീസുകള്‍ റെയില്‍വെ നിര്‍ത്തലാക്കിയത്.
പൊള്ളാച്ചി ട്രെയിനും പഴനി ട്രെയിനും ഉള്‍പ്പെടെ ആറ് ട്രെയിനുകളുടെ 12 സര്‍വ്വീസുകളാണ് റെയില്‍വെ നിര്‍ത്താലാക്കിയത്. പൊള്ളാച്ചിവരെ പോകുന്ന അമൃത എക്‌സ്പ്രസ് ഇനി പാലക്കാട് വരെ മാത്രമേ ഉണ്ടാകുയുള്ളു. കണ്ണൂര്‍-കാസര്‍ഗോഡ് സ്‌പെഷ്യല്‍, കാസര്‍ഗോഡ്- ബൈന്ദൂര്‍ പാസഞ്ചര്‍ എന്നിവയാണ് പാലക്കാട് ഡിവിഷനുകീഴില്‍ റദ്ദ് ചെയ്ത മറ്റ് വണ്ടികള്‍.കോയമ്പത്തൂര്‍ ഡിവിഷനുകീഴില്‍ വരുന്ന മേട്ടുപ്പാളയം പാസഞ്ചര്‍, സേലം കരൂര്‍ എക്‌സ്പ്രസ് എന്നീ രണ്ടു ട്രെയിനുകളും സര്‍വീസ് നടത്തി. എറണാകുളം – പിറവം റോഡ് അങ്കമാലി പാസഞ്ചറും, ആലുവ-എറണാകുളം മെമു തീവണ്ടികളും നിര്‍ത്തലാക്കി.

നിലവില്‍ റെയില്‍വെയുടെ കണക്കില്‍ പാലക്കാട് തിരുച്ചെന്തൂര്‍ സര്‍വ്വീസും, എറണാകുളത്ത് നിന്ന പാലക്കാട് വഴി രാമശ്വേരത്തേക്ക് ആരംഭിച്ച സര്‍വ്വീസും മാത്രമാണ് ലാഭകരമായ സ്‌പെഷ്യല്‍ ട്രെയിനുകളുടെ പട്ടികയിലുള്ളത്. സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കിയത് കേരളത്തിലെ യാത്രക്കാരെ വീണ്ടും പ്രയാസത്തിലാക്കുന്ന നടപടിയാണ്. സര്‍വ്വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയതാണെന്നും അറ്റകുറ്റപ്പണികള്‍ പുര്‍ത്തിയായാല്‍ പുനരാരംഭിക്കുമെന്നും റെയില്‍വെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.