അല്ല ഗഡ്ഗരീ ..കേരളത്തിന് കൊടുത്ത് ആ 20,000 കോടിയും വെറുതേ കളയണോ..?

തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 20,000 കോടി രൂപ നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതാണിത്. കേന്ദ്രസര്‍ക്കാരിന്റെ റോഡ് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം ഏറ്റവും പിന്നിലാണ്. വികസനത്തിന് പണം  തടസ്സമല്ല.  പദ്ധതികള്‍ യഥാസമയം സംസ്ഥാനം നിര്‍ദ്ദേശിക്കുന്നില്ലെന്നു മാത്രം. സംസ്ഥാനം ആവശ്യപ്പെട്ടില്ലെങ്കിലും   കേന്ദ്രം റോഡ് വികസന പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഗഡ്കരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം ആരു ഭരിക്കുന്നു എന്നു നോക്കിയല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. വികസനം കേന്ദ്രത്തിന്റെ മുഖ മുദ്രയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികളെ രാഷ്ട്രീയവത്കരിക്കാന്‍ നോക്കുകയാണെന്നും നിതിന്‍ ഗഡ്കരി  പറഞ്ഞു. തമിഴ്‌നാട്ടിലെ ശുചീന്ദ്രത്ത് ദേശീയപാത വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കാനെത്തിയതാണ്  മന്ത്രി. മഹാരാഷ്ട്രയില്‍ 50000 കോടിരൂപയുടെ റോഡ് വികസനത്തിന് തുക അനുവദിച്ചു. അതു പോലെ ഉത്തര്‍പ്രദേശിലും ബീഹാറിലും റോഡ് വികസനത്തിനായി വന്‍ പദ്ധതികള്‍ നടപ്പിലാക്കികഴിഞ്ഞു.  വികസനത്തിന് തടസ്സം ഭൂമി ലഭിക്കുന്നില്ലെന്നതാണ് കേരളത്തിന്റെ പരാതി. റോഡ് വികസനത്തിനായി നല്‍കുന്ന ഭൂമിക്ക് മതിയായ നഷ്ടം പരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. സംസ്ഥാനം ആവശ്യപ്പെട്ട കഴക്കൂട്ടം കോവളം പാത വികസനത്തിനായി 751 കോടി നല്‍കും. താമസിയാതെ പാത വികസനത്തിന്റെ ശിലാസ്ഥാപനം നടത്തും. അടൂര്‍  പത്തനംതിട്ട ദേശീയപാത 185 കൊട്ടാരക്കരയില്‍ നിന്നും ആരംഭിച്ച് പമ്പ വരെ ദീര്‍ഘിപ്പിക്കും. ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ക്ക് പാത ദീര്‍ഘിപ്പിക്കുന്നതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനം ഇത്തരത്തില്‍ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ദേശീയപാത 185 പമ്പവരെ ദീര്‍ഘിപ്പിക്കുന്നത്. തലശ്ശേരി  മാഹി ബൈപ്പാസ് രണ്ടുവരി മതിയെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെങ്കിലും  നാലുവരിപ്പാത നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടിമാലി ചെറുതോണി വഴി പൈനാവു വരെ പോകുന്ന 117 കിലോമീറ്റര്‍ പാതനിര്‍മാണവും കേന്ദ്രം ഏറ്റെടുക്കും. റോഡ് വികസനത്തിന്റെ മെല്ലെപ്പോക്കുകാരണം സംസ്ഥാനത്തെ റോഡ് പദ്ധതികളില്‍ നിന്ന് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സജീവമാണ്. 101 ദേശീയ ജലപാത പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്. ഇതില്‍ 8 നദികള്‍ കേരളത്തിലാണ്. നാലു നദികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇതും പരിഗണിക്കുന്നുണ്ട്.  വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം ചെയ്യേണ്ടെതെല്ലാം ചെയ്തിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വ്യഴാഴ്ച രാതിയോടെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന നിതിന്‍ഗഡ്കരിയെ കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, വക്താവ് വി.വി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

© 2024 Live Kerala News. All Rights Reserved.