നിരുപാധികം മാപ്പപേക്ഷിച്ച് ജസ്റ്റിസ് കര്‍ണന്‍; വേണ്ടെന്ന് സുപ്രീം കോടതി; അറസ്റ്റ് തടയണമെന്ന ഹര്‍ജി പിന്നീട് പരിഗണിക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് കര്‍ണന്റെ മാപ്പപേക്ഷ സൂപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പു പറയാമെന്ന ജസ്റ്റിസ് കര്‍ണന്റെ അപേക്ഷ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് തള്ളി. അറസ്റ്റ് തടയണമെന്ന് കര്‍ണന്റെ അപേക്ഷയും കോടതി പിന്നീട് പരിഗണിക്കും.
നേരത്തെ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. പിന്നീട് കോടതി നിര്‍ദേശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി സ്വീകരിച്ചത്. ശിക്ഷിക്കപ്പെട്ടെങ്കിലും മാപ്പ് പറയാമെന്ന വകുപ്പ് നിയമത്തിലുണ്ടെന്ന് പറഞ്ഞ കര്‍ണന്റെ അഭിഭാഷകനോട് എപ്പോഴും കാര്യം ഉന്നയിക്കേണ്ടിതില്ലെന്നും ഏഴംഗ ബെഞ്ച് ഒരുമിച്ചിരുന്നാലേ കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാവൂയെന്നും കോടതി വ്യക്തമാക്കി.
കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷയുമായെത്തിയത്. ഇന്നലെ ചീഫ്ജസ്റ്റിസ് ജെഎസ് ഗേഹാര്‍ കര്‍ണന്റെ അപേക്ഷ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് സിഎസ് കര്‍ണന്‍. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പിന്നീട് മാപ്പുപറയാന്‍ തയ്യാറാകാത്ത കര്‍ണനോട് വൈദ്യപരിശോധനക്ക് വിധേയനാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരെ തടവ് ശിക്ഷക്ക് വിധിച്ച് കര്‍ണന്‍ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവ് വിധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.