മുത്തലാഖ് അത്യന്തം നീചമായ രീതിയെന്ന് സുപ്രീം കോടതി; ‘ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ നിയമവിധേയമാകും?’

ന്യൂ ഡല്‍ഹി: മുത്തലാഖ് അത്യന്തം നീചമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീം കോടതി. ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ നിയമവിധേയമാകുമെന്നും സുപ്രീം കോടതി ചോദിച്ചു. മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെയാണ് അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് മുത്തലാഖ് ദൈവത്തിന്റെ കണ്ണില്‍ പാപമാണെന്ന് അഭിപ്രായപ്പെട്ടത്. ലോകത്ത് മറ്റൊരിടത്തും മുത്തലാഖിന് നിയമസാധുതയില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു യു വളിത്, രോഹിങ്ടണ്‍ നരിമാന്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാര്‍.
മറ്റു രാജ്യങ്ങള്‍ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയില്‍ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു. മുസ്ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ് ലിം സമുദായത്തില്‍ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതെന്നും സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു.

പാപം ഒരിക്കലും മൗലികമായ അവകാശമല്ല. അനിഷ്ടമായി കാണുന്ന പ്രവൃത്തിക്ക് എങ്ങനെയാണ് നിയമസാധുത നല്‍കാന്‍ കഴിയുക? മതാചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന പവിത്രമായ ഉടമ്പടിയാണ് വിവാഹം. അതിനു രണ്ടു പേരുടെയും സമ്മതം വേണം. വിവാഹ ബന്ധം വേര്‍പെടുത്താനും അതു വേണ്ടേയെന്ന് കോടതി ചോദിച്ചു. മുത്തലാഖ് ഉഭയസമ്മത പ്രകാരമല്ലെന്നും കോടതി ചൂണ്ടികാണിച്ചു.

© 2024 Live Kerala News. All Rights Reserved.