പഞ്ചാബ്: സ്ത്രീകള്‍ക്ക് മാത്രമായുള്ള ആദ്യ സര്‍ക്കാര്‍ ലഹരിവിമുക്ത കേന്ദ്രം പഞ്ചാബില്‍ വരുന്നു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലാണ് രാജ്യത്തെ തന്നെ ആദ്യ സര്‍ക്കാര്‍ ലഹരിവിമുക്ത കേന്ദ്രം ആരംഭിക്കുക. സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിന്‍റെയും പഞ്ചാബിനെ ലഹരി വിമുക്തമാക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് സര്‍ക്കാരിന്‍റെ പുതിയ പദ്ധതിയെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പ് മന്ത്രി ബ്രാം മൊഹീന്ദ്ര പറഞ്ഞു.
ലഹരിയ്ക്ക് അടിമപ്പെട്ട സ്ത്രീകളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ലഹരിവിമുക്ത കേന്ദ്രം ആരംഭിക്കുന്നത്. ചിട്ടയോടെയുള്ള ചികിത്സയിലുടെ സ്ത്രീകള്‍ക്ക് ലഹരിയുടെ ആസക്തിയില്‍ നിന്നും മോചനം നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള സര്‍ക്കാര്‍ ലഹരിവിമുക്ത കേന്ദ്രം രാജ്യത്ത് എവിടെയുമില്ല. ലഹരിക്കടിമപ്പെട്ട് നിരവധി സ്ത്രീകള്‍ ചികിത്സ തേടിയെത്തുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ലഹരിവിമുക്ത കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പഞ്ചാബില്‍ ലഹരിക്കടിമപ്പെട്ട എത്ര സ്ത്രീകള്‍ ഉണ്ടെന്ന കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. എന്നാല്‍ മദ്യത്തിനു പുറമെ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയും ഉപയോഗിക്കുന്ന സത്രീകള്‍ ഉണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എയിംസ് ആശുപത്രിയുടെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഒരു ശതമാനം സ്ത്രീകള്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്.