ന്യൂ ഡല്‍ഹി: ചാരനെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ വധശിക്ഷ വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കേസ് വാദിക്കും. അന്താരാഷ്ട്ര കോടതിയെ ഇന്ത്യ സമീപിച്ചത് പാകിസ്താനെ ഞെട്ടിച്ചിരുന്നു. വിധി സ്റ്റേ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് കോടതി വാദം കേള്‍ക്കാമെന്ന് അറിയിച്ചത്.
വാദം മേയ് 15ന് തുടങ്ങാനിരിക്കെ അന്താരാഷ്ട്ര കോടതിയുടെ സ്റ്റേ ഉത്തരവ് ലംഘിക്കരുതെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ 15 തവണ ശ്രമിച്ചിട്ടും ജാദവിനെ നയതന്ത്ര പ്രതിനിധികളെ കാണാന്‍ പോലും പാകിസ്താന്‍ അനുവദിച്ചില്ലെന്ന് ഇന്ത്യ കോടതിയെ അറിയിച്ചു. കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതി ന്യായകോടതി വിധി നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിന്റെ വിജയമാണ്. വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്ത ഉത്തരവ് ഹേഗിലെ അന്താരാഷ്ട്രകോടതി പാകിസ്താന് കൈമാറിയിട്ടുണ്ട്. പാകിസ്താന്റെ നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നായിരുന്നു ഇന്ത്യയുടെ വാദം.
കുല്‍ഭൂഷണെതിരായ വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റേയും വിധിയുടേയും പകര്‍പ്പ് നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധാത്മക സമീപനമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.
കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്താനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
ഇന്ത്യാ- പാക് ബന്ധത്തില്‍ അസ്വാരസ്യം വര്‍ധിച്ചതില്‍ പിന്നെ ഈ വര്‍ഷം സിന്ധു ജല കരാറുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായത്. കശ്മീരിലെ ഉറിയില്‍ പാക് പിന്തുണയോടെ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മുടങ്ങികിടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ ശ്രമം നടക്കുന്നതിന് ഇടയിലാണ് കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് ബന്ധം കൂടുതല്‍ വഷളാക്കിയത്.