പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി വന്നശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍ കുറവ് വന്നതായി കണക്കുകള്‍. ബിവ്റേജസ് കോര്‍പ്പറേഷന്‍(ബെവ്കോ) പുറത്തുവിട്ട കണക്കുകളിലാണ് മദ്യവില്‍പ്പനയില്‍ കുറവ് സൂചിപ്പിക്കുന്നത്. ഈ ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 106 കോടി രൂപയുടെ വില്‍പ്പനയാണ് കുറഞ്ഞത്.
കഴിഞ്ഞ ഏപ്രിലില്‍ 1078 കോടി രൂപയുടെ വില്‍പ്പനയാണ് ബെവ്കോ വഴി നടന്നതെങ്കില്‍ ഇത്തവണയത് 972 കോടി രൂപയായി കുറഞ്ഞു. സുപ്രീംകോടതി ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും ബിയര്‍-വൈന്‍ പാര്‍ലറുകളായിരുന്നു. ഇതുമൂലം സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ഇടിവാണുണ്ടായത്.
വിദേശമദ്യ വില്‍പ്പനയില്‍ എട്ടുശതമാനം ഇടിവുണ്ടായപ്പോള്‍ ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ മാത്രം നികുതിയിനത്തില്‍ ലഭിക്കേണ്ട തുകയില്‍ പത്തുശതമാനത്തിന്റെ കുറവുണ്ടായെന്നും ബെവ്കോ വിശദമാക്കുന്നു.