പാക് സൈനിക കോടതി വിധി മരവിപ്പിച്ച് അന്താരാഷ്ട്രനീതിന്യായകോടതി; കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായകോടതി സ്റ്റേ ചെയ്തു. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചിരുന്നു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.
കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്താനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
ഇന്ത്യാ- പാക് ബന്ധത്തില്‍ അസ്വാരസ്യം വര്‍ധിച്ചതില്‍ പിന്നെ ഈ വര്‍ഷം സിന്ധു ജല കരാറുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായത്. കശ്മീരിലെ ഉറിയില്‍ പാക് പിന്തുണയോടെ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മുടങ്ങികിടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ ശ്രമം നടക്കുന്നതിന് ഇടയിലാണ് കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് ബന്ധം കൂടുതല്‍ വഷളാക്കിയത്.

പാക് തടവറയിലുള്ള കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി. കുല്‍ഭൂഷണെതിരായ വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റേയും വിധിയുടേയും പകര്‍പ്പ് നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടും നിഷേധാത്മക സമീപനമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

© 2023 Live Kerala News. All Rights Reserved.