സംസ്ഥാനത്തെ 377 ഹെക്ടര്‍ ഭൂമി കൈയേറ്റക്കാരുടെ പക്കലാണെന്ന് റവന്യുമന്ത്രി നിയമസഭയില്‍. ഏറ്റവുമധികം ഭൂമി കൈയേറ്റം നടന്നിട്ടുളളത് ഇടുക്കി ജില്ലയിലാണെന്നും പേരുകള്‍ സഹിതം മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ മാത്രം 110 ഹെക്ടര്‍ ഭൂമിയാണ് കൈയേറ്റക്കാര്‍ കൈവശമാക്കിയിരിക്കുന്നത്. ഇതില്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി സഖറിയാസ് വെളളിക്കുന്നില്‍, സിറില്‍ പി ജേക്കബ് എന്നിവരാണ് ഇടുക്കിയില്‍ സര്‍ക്കാരിന്റെ ഭൂമി ഏറ്റവുമധികം കൈയേറിയിട്ടുളളത്. ഇടുക്കിയിലെ കെഡിഎച്ച് വില്ലേജിലാണ് ഏറ്റവുമധികം കൈയേറ്റം നടന്നിട്ടുളളതും.
ഇടുക്കിക്ക് പിന്നില്‍ വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതല്‍ കൈയേറ്റമുളളത്. യഥാക്രമം 81 ഹെക്ടറും 71 ഹെക്ടറുമാണ് കൈയേറ്റക്കാരുടെ പക്കലുളളത്. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ എട്ടു ഹെക്ടര്‍ വീതവും എറണാകുളത്ത് 31 ഹെക്ടറും കാസര്‍കോട് 22.8 ഹെക്ടറും പാലക്കാട് 11 ഹെക്ടറും ഭൂമി കൈയേറ്റക്കാരുടെ കൈവശമാണെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കാര്‍ഷിക മേഖലയിലെ റബ്ബര്‍, കുരുമുളക് എന്നിവയുടെ വിലയിടിവ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനുളള അനുമതി തേടിയത്.