‘തെളിവുകള്‍ ഹാജരാക്കും; രാജിവെച്ച് നിയമപോരാട്ടത്തിന് തയ്യാറാണോ?’; കെജ്രിവാളിനെ വെല്ലുവിളിച്ച് കപില്‍ മിശ്ര; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഴിമതി നടത്തിയതിന് തന്റെ കൈവശം തെളിവുകളുണ്ടെന്ന് പുറത്താക്കപ്പെട്ട ആം ആദ്മി മന്ത്രി കപില്‍ മിശ്ര. തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം കെജ്രിവാള്‍ രാജിവെച്ച് നിയമപോരാട്ടത്തിന് തയ്യാറാണോ എന്നും കപില്‍ മിശ്ര ചോദിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനില്‍ നിന്ന് 2 കോടി രൂപ കൈപ്പറ്റുന്നത് കണ്ടെന്ന് കപില്‍ മിശ്ര ആരോപിച്ചിരുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്രിവാള്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ തന്നെ അഴിമതി ആരോപണം ഉയര്‍ന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആം ആദ്മി മന്ത്രി സഭയിലെ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിതന്നെ ആരോപണവുമായി രംഗത്ത് വന്നത് കെജ്രിവാളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ലഫ്റ്റ്‌നന്റ് ജനറല്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന സത്യേന്ദ്ര ജയിനില്‍നിന്ന് കെജ്രിവാള്‍ 2 കോടി രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഇത് അഴിമതിവിരുദ്ധ വിഭാഗത്തിന് കൈമാറുമെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. തെളിവുകള്‍ കൈമാറിയാല്‍ രാജിവെക്കാന്‍ കെജ്രിവാള്‍ തയ്യാറാണോ എന്ന് വെല്ലുവിളിച്ചാണ് കപില്‍ മിശ്ര വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.