ഭീകരസംഘടനാബന്ധം: ചൈനയില്‍ തടവിലായിരുന്ന ഇന്ത്യക്കാരനെ വിട്ടയച്ചു

 

ബെയ്ജിങ്: ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചൈനയില്‍ തടവിലായ ഇന്ത്യക്കാരനെ വിട്ടയച്ചു. 20 അംഗ വിദേശ സംഘത്തിനൊപ്പം ചൈന സന്ദര്‍ശിക്കുകയായിരുന്നു രാജീവ് മോഹന്‍ കുല്‍ഷ്രേസ്ഥ. ഹോട്ടല്‍ മുറിയില്‍ നിരോധിത ഭീകര സംഘടനയുടെ വിഡിയോ കണ്ടെന്ന് ആരോപിച്ചാണ് ഇവരെയെല്ലാവരെയും ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ഓര്‍ഡോസില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം പത്തിനായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കന്‍ സന്നദ്ധ സംഘടനയായ ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ് ആണ് യാത്ര സംഘടിപ്പിച്ചത്.

ഡല്‍ഹിയില്‍ നിന്നുള്ള ബിസിനസ്സുകാരനാണ് കുല്‍ഷ്രേസ്ഥ എന്നാണ് വിവരം. ഇന്ത്യയിലേക്കു വിടുന്നതിനു മുന്‍പ് ഇന്നലെ ഇയാളെ ബെയ്ജിങ്ങിലെത്തിച്ചിരുന്നു. ഇന്ത്യന്‍ എംബസ്സി ഇടപെട്ടാണ് ഇയാളുടെ മോചനം സാധ്യമായത്. കുല്‍ഷ്രേസ്ഥയ്‌ക്കൊപ്പം വിമാനത്താവളം വരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.

പിടിയിലായ 20 പേരില്‍ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള 11 പേരെ ചൈന നേരത്തെതന്നെ വിട്ടയച്ചിരുന്നു. മറ്റുള്ളവരെയും കുല്‍ഷ്രേസ്ഥയ്‌ക്കൊപ്പം തന്നെ വിട്ടയച്ചു. 47 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇവര്‍ ചൈനയിലെത്തിയത്.