രണ്ടു തട്ടിലാണെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം; അണ്ണാഡിഎംകെ ഇരു വിഭാഗവും പിന്തുണയില്‍ ധാരണയിലെത്തി

ചെന്നൈ: ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ച് അണ്ണാഡിഎംകെ വിഭാഗങ്ങള്‍. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നയിക്കുന്ന വിഭാഗത്തിന്റേയും ഒ പനീര്‍ശെല്‍വം നയിക്കുന്ന വിഭാഗത്തിന്റേയും പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറപ്പ് പറയുന്നത്. ഇതോടെ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉണ്ടാക്കാന്‍ ഡിഎംകെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ജൂണിലെ 94ാം പിറന്നാള്‍ ദിനത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാനാണ് വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്റെ നീക്കം. അണ്ണാഡിഎംകെയ്ക്ക് 134 എംഎല്‍എമാരാണ് ഉള്ളത്. 122 എംഎല്‍എമാര്‍ പളനിസാമിക്ക് ഒപ്പവും 12 പേര്‍ പനീര്‍ശെല്‍വത്തിന് ഒപ്പവും. 50 എംപിമാരാണ് മുഖ്യമന്ത്രി പളനിസാമിയെ പിന്തുണച്ച് ഒപ്പമുള്ളത്.
ബിജെപി ഇരു അണ്ണാഡിഎംകെ വിഭാഗങ്ങളേയും ഒപ്പം നിര്‍ത്താന്‍ പലതും ചെയ്യുന്നുണ്ട്. നീണ്ട കാലങ്ങളായി മുടങ്ങി കിടന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് എടപ്പാടി ക്യാമ്പിനെ സന്തോഷിപ്പിച്ച് ഒപ്പം നിര്‍ത്തുന്നത്.

ബിജെപിയുടെ സംസ്ഥാന ഭരണത്തിലെ നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് സ്റ്റാലിനും കനിമൊഴിയും രാജ്യമൊട്ടാകെയുള്ള പ്രതിപക്ഷ നേതാക്കളെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയാണ് ജൂണ്‍ 3ലെ യോഗത്തിലെ പ്രധാനിയാവുക. ഒന്നിച്ച് നിന്ന് ബിജെപിക്ക് എതിരായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയത്തിലെത്തിക്കാനാണ് ക്യാമ്പിന്റേ നീക്കം.

© 2024 Live Kerala News. All Rights Reserved.