ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമം. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. തിങ്കളാഴ്ച്ച ഇതിനായുളള ടീം ഇന്ത്യയെ പ്രഖ്യാപിക്കും. ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി മീറ്റിംഗിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്. 30 സംസ്ഥാന അസോസിയേഷനുകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ പ്രത്യേക യോഗം.
വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ എസ്ജിഎം ഐക്യകണ്‌ഠേന തീരുമാനിച്ചിരിക്കുന്നു, മെയ് എട്ടിന് ന്യൂഡല്‍ഹിയില്‍ വെച്ച് ചേരുന്ന ഇന്ത്യന്‍ സീനിയര്‍ സെലക്ഷന്‍ മീറ്റിംഗില്‍ ടീമിനെ പ്രഖ്യാപിക്കും
ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
അഡ്മിനിസ്റ്റേറ്റേഴ്‌സ് കമ്മിറ്റി, ഇന്നത്തെ യോഗത്തിനു മുന്നോടിയായി മേഖലാ ഭരണസമിതികളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഉത്തര, പൂര്‍വമേഖലകള്‍ ഇന്ത്യന്‍ ടീം പിന്മാറുന്നതിന് എതിരായാണു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നാണു സൂചന. എന്നാല്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ നിയന്ത്രണത്തിലുള്ള ദക്ഷിണ മേഖല പിന്മാറ്റത്തിനായാണു വാദിക്കുന്നത്. പശ്ചിമ മേഖലയിലെ മുതര്‍ന്ന അംഗങ്ങളും പിന്മാറ്റത്തിന് അനുകൂലമായിരുന്നു.
ഐസിസിയുമായുളള വരുമാന തര്‍ക്കത്തെ തുടര്‍ന്നാണ് ബിസിസിഐ ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ സൂചനയായി ഏപ്രില്‍ 26ന് മുമ്പ് പ്രഖ്യാപിക്കേണ്ട ടീം ലൈനപ്പ് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഐസിസിയുടെ പുതിയ ഫിനാന്‍ഷ്യല്‍ മോഡല്‍ ബിസിസിഐയ്ക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഇതിന് കാരണം. ആയിരം കോടി രൂപയോളം ബിസിസിഐയ്ക്ക് ഇതുമൂലം നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജുണ്‍ ഒന്നിന് ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ ഒഴികെയുളള മറ്റെല്ലാവരും ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.