‘കയ്യേറ്റക്കാരോട് ദയയുണ്ടാകില്ല’; പ്രശ്നപരിഹാരത്തിന് സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; മൂന്നാറിലെ കൈയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ കയ്യേറ്റ പ്രശ്നത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് കൈയ്യേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. പ്രോയോഗികത കണക്കിലെടുത്ത് ചില നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മേഖലകളിലെ അനധികൃത കയ്യേറ്റം പൊളിച്ചു മാറ്റണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുന്നാറിലെ കയ്യേറ്റങ്ങള്‍ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കണമെന്നും കൈയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുഗതകുമാരി പറഞ്ഞു. പരിസ്ഥിതിയെ ശിഥിലമാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാവും അനുവദിക്കരുതെന്ന നിലപാടില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു.അനധികൃതമായി കൈയ്യേറിയ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. കയ്യേറ്റ പ്രശ്‌നം ഗുരുതരമാണെന്നും പ്രശ്നത്തിന് സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് രാവിലെ 11 മണിയ്ക്ക് പരിസ്ഥിതിപ്രവര്‍ത്തകരുമായാണ് നടത്തിയ ചര്‍ച്ചയിലാണ് മുന്നാറില കൈയ്യേറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. .

© 2022 Live Kerala News. All Rights Reserved.