മൂന്നാര്‍ കയ്യേറ്റപ്രശ്നം; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വ്വ കക്ഷിയോഗം

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റപ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് പലഘട്ടങ്ങളിലായാവും ചര്‍ച്ച. രാവിലെ 11 മണിയ്ക്ക് പരിസ്ഥിതിപ്രവര്‍ത്തകരുമായാണ് ആദ്യചര്‍ച്ച നടത്തുക. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി, നിയമവകുപ്പ് മന്ത്രി എകെ ബാലന്‍, ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍വ്വകക്ഷിയോഗത്തിന് മുന്‍പ് കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പട്ടികതയ്യാറാക്കാനും ഇതുവരെ സ്വീകരിച്ച നടപടികളേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാവും. മൂന്ന് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയത്. സ്റ്റേ നടപടികളുടെ കാലാവധി കഴിഞ്ഞവ, നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തവ, സമീപകാലത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറിയത് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റില്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ സഹോദരനുമുളളതായി സൂചനയുണ്ട്.

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയത് വന്‍വിവാദത്തിന് കാരണായിരുന്നു. കുരിശ് പൊളിച്ച റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി ശകാരിച്ചിരുന്നു. തുടര്‍ന്ന് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. വിവിധതലങ്ങളില്‍ ചര്‍ച്ചനടത്തി അഭിപ്രായരൂപീകരണം നടത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എല്‍ഡിഎഫ് യോഗം സര്‍ക്കാരിനെ നിര്‍ദ്ദേശിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.