ആംആദ്മി നേരിടുന്നത് മോഡിയുടെ ‘വേട്ടയാടല്‍’; വിദേശ ഫണ്ടിനെ കുറിച്ച് വിശദീകരണം തേടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കെജ്രിവാളിന് രോഷം

ന്യൂ ഡല്‍ഹി: വിദേശത്ത് നിന്ന് ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. വിദേശ സഹായ നിയന്ത്രണ ആക്ട് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന സംശയത്തിലാണ് അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത്. നടപടിയെടുക്കുന്നതിന് മുമ്പുള്ള ആദ്യപടിയായാണ് വിശദീകരണം ചോദിക്കുന്നത്. ബിജെപി സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്നാണ് അരവിന്ദ് കെജ്രിവാളും സംഘവും ആരോപിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിയമം ലംഘിച്ചുവോ എന്നാണ് പരിശോധിക്കുക. ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ലെങ്കിലോ ആഭ്യന്തര മന്ത്രാലയത്തിന് മറുപടികളില്‍ തൃപ്തി തോന്നിയില്ലെങ്കിലോ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കാനും നടപടിയെടുക്കാനും സാധിക്കും.
ബിജെപിയുടെ വേട്ടയാടലിന്റേയും കുടപ്പക രാഷ്ട്രീയത്തിന്റേയും ഇരയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആപ് നേതാക്കള്‍ ആരോപിച്ചു. സിബിഐയെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിനെതിരെ കേസുകള്‍ ഉണ്ടാക്കാനുള്ള ശ്രമവും വ്യാപകമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

എന്നാല്‍ സാധാരണ നീക്കമാണെന്ന വാദമാണ് ആഭ്യന്തര മന്ത്രാലയത്തിന്റേത്. രണ്ട് തവണ രണ്ട് സര്‍ക്കാരുകള്‍ ആംആദ്മിയുടെ വിദേശകാര്യ ഫണ്ടുകളെ കുറിച്ച് അന്വേഷിച്ചിട്ടും വഴിവിട്ട ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് ആപ് നേതാവ് അഷുതോഷ് ഓര്‍മ്മിപ്പിച്ചു. മന്‍മോഹന്‍ സിങ് സര്‍ക്കാരും മോഡി സര്‍ക്കാരും ആംആദ്മിയുടെ വിദേശ ഫണ്ടിങിനെ കുറിച്ച് പരിശോധിച്ചിരുന്നു. എന്നാല്‍ തെറ്റായി ഒന്നു കണ്ടെത്തിയില്ല, എന്നിട്ടും വീണ്ടും വീണ്ടും ആംആദ്മി. വേട്ടയാടുന്നതെന്തിനാണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം.

© 2024 Live Kerala News. All Rights Reserved.