ബിജെപി ഫണ്ട് വിതരണം: ഖമറുന്നിസയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ലീഗ് പുറത്താക്കി; ഇനി പാണക്കാട് തങ്ങള്‍ ബിജെപി ഫണ്ട് ഉദ്ഘാടനം നിര്‍വഹിക്കുമോ എന്ന് കോടിയേരി

ബിജെപി ഫണ്ട് വിതരണ ഉദ്ഘാടനവും അനുകൂല പരാമര്‍ശവും നടത്തിയ വനിതാ ലീഗ് നേതാവിനെതിരെ നടപടി. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റായ ഡോ. ഖമറുന്നിസ അന്‍വറിനെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പദവിയില്‍ നിന്നും നീക്കം ചെയ്തു. അഡ്വ. മറിയുമ്മയ്ക്കാണ് പകരം ചുമതല നല്‍കിയത്. ബിജെപി അനുകൂല പരാമര്‍ശത്തിലും ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തതിലും ഖമറുന്നിസ ഇന്നലെ മാപ്പ് അപേക്ഷ നല്‍കിയിരുന്നു. ഖേദപ്രകടനത്തെ തുടര്‍ന്ന് നടപടി വേണ്ടെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്നലെ സ്വീകരിച്ചതും.
എന്നാല്‍ ഖേദപ്രകടനത്തിനുശേഷവും സമൂഹമാധ്യമങ്ങളിലൂടെ തന്റെ നടപടിയെ ഖമറുന്നിസ ന്യായീകരിച്ചുവെന്ന് കാട്ടിയാണ് ഇപ്പോള്‍ ലീഗ് സംസ്ഥാന നേതൃത്വം ഖമറുന്നിസയെ പുറത്താക്കിയത്. തിരൂരിലുളള തന്റെ വീട്ടില്‍വെച്ചായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനഫണ്ട് ഖമറുന്നിസ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നായിരുന്നു വിവാദപരാമര്‍ശങ്ങളും. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു ഡോ. ഖമറുന്നിസയുടെ പ്രസ്താവന.

നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തന്നാല്‍ കഴിയുന്ന ചെറിയഫണ്ട് നല്‍കുന്നുവെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗില്‍ നിന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.
ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയ ശക്തികള്‍ക്ക് പൂര്‍ണമായും കീഴടങ്ങുക എന്ന മനോഭാവത്തോടെ മുസ്ലീംലീഗ് മുന്നോട്ടു പോകുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് വനിതാ ലീഗ് പ്രസിഡന്റിന്റെ പ്രവൃത്തിയെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ബിജെപിയുടെ ഫണ്ട് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മുസ്ലീംലീഗ് നേതാവ് പാണക്കാട് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമായിരിക്കുമെന്നും കോടിയേരി പരിഹസിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.