മല്‍സരത്തിനിടെ പരുക്കേറ്റ ജൂള്‍സ് ബിയാഞ്ചി അന്തരിച്ചു; വീണ്ടും ഫോര്‍മുല വണ്‍ ദുരന്തം

 

പാരിസ്: ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഒന്‍പതു മാസത്തോളം കോമയിലായിരുന്ന ഫ്രഞ്ചുകാരനായ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി (25) അന്തരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ സുസൂക്കയിലായിരുന്നു അപകടം. അപകടസമയത്ത് മൗറീസിയുടെ ഡ്രൈവറായിരുന്നു ബിയാഞ്ചി. ഫെരാരിക്കുവേണ്ടിയും മല്‍സരിച്ചിട്ടുണ്ട്.

ബ്രസീല്‍ റേസിങ് ഇതിഹാസം അയര്‍ട്ടന്‍ സെന്നയ്ക്കുശേഷം റേസിങ്ങിനിടെ പരുക്കേറ്റ് മരിക്കുന്ന ആദ്യ ഡ്രൈവറാണ് ബിയാഞ്ചി. 2011ല്‍ ടെസ്റ്റ് ഡ്രൈവറായി തുടങ്ങിയ ബിയാഞ്ചി 2013ല്‍ റേസിങ് ട്രാക്കില്‍ പോരാട്ടം തുടങ്ങി. 34 റേസുകളില്‍ പങ്കെടുത്തു. ഫോഴ്‌സ് ഇന്ത്യയുടെ ടെസ്റ്റ് ഡ്രൈവറായിരുന്നു.

ഗ്രാന്‍പ്രീക്കിടെ ട്രാക്കിനു വെളിയിലുണ്ടായിരുന്ന റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചാണു യൂള്‍സ് ബിയാഞ്ചിക്കു പരുക്കേറ്റത്. ജാപ്പനീസ് ഗ്രാന്‍പ്രീയുടെ 44ാമത്തെ ലാപ്പിലായിരുന്നു അപകടം. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ ട്രാക്കിലെ ഏഴാമത്തെ വളവില്‍ വച്ചായിരുന്നു കാര്‍ റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചത്. രണ്ടു ലാപ്പുകള്‍ക്കു മുന്‍പ് സൗബറിന്റെ അഡ്രിയാന്‍ സുട്ടിലും ഏഴാമത്തെ വളവില്‍ അപകടത്തില്‍പ്പെട്ടിരുന്നു. സുട്ടിലിന്റെ കാര്‍ നീക്കാന്‍ കൊണ്ടുവന്ന റിക്കവറി ക്രെയിനാണ് അപകടമുണ്ടാക്കിയത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ബിയാഞ്ചി റണ്‍ ഓഫ് ഏരിയയും കടന്നാണ് റിക്കവറി ക്രെയിനില്‍ ഇടിച്ചത്.

ബിയാഞ്ചിയുടെ കുടുംബത്തില്‍ നടക്കുന്ന രണ്ടാമത്തെ കാറപകടമാണിത്. 1969ല്‍ നടന്ന ലെ മാന്‍സ് റേസില്‍ മുത്തച്ഛനായ ലൂസിയന്‍ ബിയാഞ്ചി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന ആല്‍ഫ റൊമിയോ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ലെ മാന്‍സ് റേസില്‍ ചാമ്പ്യനായിരുന്ന ലൂസിയന്‍ ബിയാഞ്ചി കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.

1994 ലെ സാന്‍ മാരിനോ ഗ്രാന്‍പ്രീയില്‍ ഓസ്‌ട്രേലിയയുടെ റോളണ്ട് റാറ്റ്‌സെന്‍ബെര്‍ഗര്‍ യോഗ്യതാ റൗണ്ടിലും ബ്രസീലിന്റെ ഇതിഹാസ താരം അയര്‍ട്ടന്‍ സെന്ന റേസിനിടെയും കൊല്ലപ്പെട്ടതാണ് ഫോര്‍മുല വണ്ണിലെ ഏറ്റവും വലിയ ദുരന്തമായി വ്യാഖ്യാനിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.