ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗ കേസില്‍ നാല് പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.പൈശാചികവും നിഷ്ൂരവുമായ കൊലപാതകമാണ് നടന്നതെന്നും സമാനതകളില്ലാത്ത ക്രൂരതയെന്നും സുപ്രീം കോടതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയാണ് ചെയ്തത്. സാകേത് വിചാരണ കോടതി 2013ലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. നാല് പ്രതികള്‍ക്കും വധശിക്ഷ തന്നെയെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
വധശിക്ഷക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത അഞ്ചാം പ്രതി ജൂവനൈല്‍ നിയമ പ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. പ്രതികളിലൊരാളായ രാം സിങ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.