എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഉച്ചയ്ക്ക്; 2016ലെ വിജയശതമാനത്തില്‍നിന്ന് നേരിയ കുറവെന്ന് സൂചന; ഫലമറിയാന്‍ നിരവധി സൈറ്റുകള്‍

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി. വിജയശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ നേരിയ കുറവുണ്ടായെന്നാണ് സൂചന. സേ പരീക്ഷയ്ക്ക് മുമ്പായി കഴിഞ്ഞ വര്‍ഷം 96.59 ശതമാനം പേരാണ് ജയിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് പരീക്ഷാഫലം വന്നിരുന്നു. മാര്‍ച്ച് എട്ടിന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകള്‍ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് മുപ്പതിനാണ് അവസാനിച്ചത്. മാര്‍ച്ച് 20ന് നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ പതിനൊന്നോളം ചോദ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നുളള പരീക്ഷയില്‍ നിന്നും അതേപടി കോപ്പിയടിച്ചതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷ വീണ്ടും നടത്തിയത്.

ഇത്തവണയും മോഡറേഷന്‍ ഒഴിവാക്കിയെങ്കിലും കൂടുതല്‍ പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതായി സൂചനകളുണ്ട്. നാലരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ റെഗുലറായും 2588 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റായും ഇത്തവണ പരീക്ഷ എഴുതിയിരുന്നു.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in, കൂടാതെ സഫലം 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം.

© 2024 Live Kerala News. All Rights Reserved.