പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.ജെ ജോസഫ്; ‘ജില്ലാ പഞ്ചായത്തിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവം’; കേരള കോണ്‍ഗ്രസില്‍ കലഹം ശക്തം

കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് സിപിഐഎം പിന്തുണയോടെ ജില്ലാ പ്രസിഡന്റായതില്‍ പരസ്യപ്രതിഷേധമറിയിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉണ്ടായരാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് പി.ജെ ജോസഫിന്റെ പ്രതികരണം. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തിലുണ്ടായ തീരുമാനമെന്നാണ് മാണിയുടെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് കൂടി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിപിഐഎം പിന്തുണ സംബന്ധിച്ച കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നതകളുയരുകയാണ്. ഇന്നലെ ജോസഫ് വിഭാഗത്തിലെ എംഎല്‍എയും നേതാവുമായ മോന്‍സ് ജോസഫും എതിര്‍പ്പറിയിച്ചിരുന്നു. രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് കെ.എം മാണിയെ വിമര്‍ശിച്ചതില്‍ തെറ്റില്ല.

എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് പിന്തുണ സ്വീകരിക്കാന്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണ ഉണ്ടായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ അഗസ്തിയും ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

© 2023 Live Kerala News. All Rights Reserved.