പാരീസ്: ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് വില്ല്യമിന്‍റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണിന്റെ ടോപ്‌ലെസ് ഫോട്ടോ പ്രസിദ്ധികരിച്ച ഫ്രഞ്ച് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം കോടതിയില്‍. ഫോട്ടോ പ്രസിദ്ധീകരിച്ച മാധ്യമങ്ങളില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് വില്യം കെയ്റ്റ് ദമ്പതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യതയില്‍ കടന്നുകയറി എന്ന കുറ്റം ആരോപിച്ചാണ് ആറ് മാധ്യമ പ്രതിനിധികള്‍ക്കെതിരെ രാജകുടുംബം രംഗത്ത് വന്നത്.
2012ല്‍ പാരീസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ കെയ്റ്റിന്റെ അറിവോടെയല്ലാതെ ഫോട്ടോ എടുത്ത ഫ്രഞ്ച് മാഗസിന്‍ ക്ലോസറിനും പ്രാദേശിക പത്രം ലാ പ്രൊവിന്‍സിനുമെതിരെയാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പാരീസില്‍ സണ്‍ബാത്ത് ചെയ്യുന്ന കെയ്റ്റിന്റെ ടോപ്‌ലെസ് ഫോട്ടോ മാധ്യമങ്ങളില്‍ വന്നത് ബ്രിട്ടനില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ക്ലോസറിന്റെയും, ലാ പ്രൊവിന്‍സിന്റെയും ഫോട്ടോഗ്രാഫര്‍മാരും പത്രാധിപരും കോടതി വിചാരണ നേരിടേണ്ടി വരും.
ദമ്പതികളുടെ മോശമായ ചിത്രങ്ങളല്ല മാഗസിനിലും പത്രത്തിലും അച്ചടിച്ചു വന്നതെന്ന് മാധ്യമങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ വക്കീല്‍ പോള്‍ ആല്‍ബര്‍ട്ട് പറഞ്ഞു. എന്നാല്‍ സ്വകാര്യതയിലേക്ക് കടന്നുകയറിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് ദമ്പതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ശക്തമായി വാദിച്ചു. ഫോട്ടോ പാരീസില്‍ ദമ്പതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് തന്നെ എടുത്തതാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.