കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിന് സര്‍ക്കാരിന്റെ അനൗദ്യോഗിക താക്കീത്. സോഷ്യല്‍ മീഡിയയിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും അപകീര്‍ത്തിപ്പെടുത്തിയെന്ന കോഴിക്കോട് എംപി എംകെ രാഘവന്റെ പരാതിയില്‍ നേരത്തെ ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ എംപിയും കലക്ടറും തമ്മില്‍ എംപി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വാക് തര്‍ക്കം ഉണ്ടായിരുന്നു. അന്ന് എംപി നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
കലക്ടര്‍ മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കലക്ടര്‍ കുന്നംകുളത്തിന്റെ മാപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ നടപടി വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് എംപി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. അന്ന് പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചും നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ പ്രശാന്തിനോട് ദാക്ഷിണ്യത്തോടെയുള്ള സമീപനമാണ് നടപടിയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അത് കൊണ്ടാണ് അനൗദ്യോഗിക താക്കീതില്‍ ഒതുക്കിയത്. പ്രശാന്തിന് നീണ്ട സര്‍വീസും ഇത് വരെ നല്ല സര്‍വീസ് റെക്കോര്‍ഡുമുള്ളതുമാണ് അനൗദ്യോഗിക താക്കീതില്‍ ഒതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.