ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നയം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിയില്‍; കോടതി ഉത്തരവ് നിലനില്‍ക്കെയുള്ള സര്‍ക്കാര്‍ നടപടിയില്‍ വാദം തുടരും

പാന്‍ കാര്‍ഡ് എടുക്കുന്നതിനും നികുതി രേഖകള്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹാത്ഗി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹാജരാകും. 2017ലെ സാമ്പത്തിക ബില്ലില്‍ ഉള്‍പ്പെടുത്തിയ പുതിയ സെക്ഷന്‍ പ്രകാരം നികുതി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന വാദമാകും സര്‍ക്കാര്‍ ഉന്നയിക്കുക.
എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കാന്‍ കഴിയില്ലെന്ന 2015ലെ സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ പാന്‍ കാര്‍ഡിനും നികുതി രേഖകള്‍ക്കും ആധാര്‍ നമ്പര്‍ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വാദത്തിനിടെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം പിടിക്കുന്നതിന് ആധാര്‍ നിര്‍ബന്ധിതമാക്കുന്നതല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഉന്നയിച്ച വാദം.

സര്‍ക്കാര്‍ സ്‌കീമുകള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കാനാകില്ലെന്ന് മാര്‍ച്ച് 27ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ സാമ്പത്തിക ബില്ല് രൂപം നല്‍കുന്നതിന്റെ അവസാന നിമിഷമാണ് നികുതി സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കിയുള്ള ഭേദഗതി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.

© 2023 Live Kerala News. All Rights Reserved.