എട്ടാം ക്ലാസിലെ സംസ്‌കൃതം പാഠപുസ്തകത്തില്‍ തെറ്റുകളെന്ന് ആരോപണം

 

കല്പറ്റ: എട്ടാം ക്ലാസിലെ സംസ്‌കൃതം പാഠപുസ്തകത്തില്‍ ഗൗരവമായ തെറ്റുകളുണ്ടെന്ന് അധ്യാപകര്‍. ഒന്ന് മുതല്‍ നാല് വരെയുളള പാഠങ്ങളിലാണ് ആശയപരമായ തെറ്റുകളും അച്ചടിപ്പിശകുകളുമുള്ളത്.

അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാനുളള പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് എട്ടാം ക്ലാസിലെ സംസ്‌കൃതം പാഠപുസ്തകം. മെയ് ആദ്യവാരത്തില്‍ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ യോഗത്തില്‍ പുസ്തകത്തിന്റെ കോപ്പി വിതരണം ചെയ്തപ്പോഴാണ് അദ്ധ്യാപകര്‍ പിഴവുകള്‍ കണ്ടെത്തിയത്.

യോഗയെക്കുറിച്ചുള്ള പാഠത്തില്‍ ആശയത്തില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ട്. ദേവനാഗരി ലിപിയിലെഴുതിയ വാചകങ്ങളില്‍ ചിഹ്നങ്ങള്‍ കാണാനില്ല. ഗീതാസുധാമാധുരി എന്നത് ഗോതാസതാമാതരം എന്നെഴുതിയതുപോലുള്ള ഗുരുതരമായ തെറ്റുകളുണ്ടെന്നും ്അധ്യാപകര്‍ ആരോപിക്കുന്നു.

പുസ്തക അച്ചടി വൈകുന്നത് മൂലം കുട്ടികള്‍ പഠിക്കാനായി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയ കോപ്പിയിലും തെറ്റുകളാണ്.
ആശയപരമായ തെറ്റുകളും അച്ചടി പിശകുകളും തിരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറോടും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറോടും രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വരെ നടപടി ഒന്നുമായില്ല.

© 2024 Live Kerala News. All Rights Reserved.