ഗൗരിയമ്മയുടെ തിരിച്ചുപോക്ക്; ജെ.എസ്.എസില്‍ അതൃപ്തി

 

ആലപ്പുഴ: സി.പി.എമ്മിലേക്ക് തിരിച്ചുപോകാനുള്ള ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ തീരുമാനം ഏകപക്ഷീയമെന്ന് അണികളില്‍ ഒരു വിഭാഗം. ജെ.എസ്.എസ്
സംസ്ഥാന പ്രസിഡന്റിനെ പോലും അറിയിക്കാതെയായിരുന്നു ഈ തീരുമാനമെന്നാണ് ആരോപണം.

കെ.ആര്‍ ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ജെ.എസ്.എസിനുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. ലയനവിഷയം ജെ.എസ്.എസ് സംസ്ഥാന കമ്മറ്റി കൂടി തീരുമാനിക്കാനായിരുന്നു സംസ്ഥാനസെന്റര്‍ തീരുമാനം. എന്നാല്‍ സംസ്ഥാന കമ്മറ്റി ചേരാതെ ഗൗരിയമ്മ ലയനപ്രഖ്യാനം നടത്തുകയായിരുന്നുവെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രദീപ് പറഞ്ഞു.

ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പോലും അറിയാതെയാണ് കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയും തമ്മില്‍ ചര്‍ച്ച നടത്തിയതും ലയന തീയതി പ്രഖ്യാപിച്ചതും. പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള ലയനപ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് യുവജനസംഘടനയായ ജെ.വൈ.എസും വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ഇനിയും ചര്‍ച്ചചെയ്യാവുന്നതേയുള്ളൂവെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎമ്മില്‍ സ്ഥാനം ലഭിക്കേണ്ട ജെ.എസ്.എസ് നേതാക്കളുടെ പട്ടിക ഇന്നലത്തെ കൂടിക്കാഴ്ച്ചയില്‍ കെ.ആര്‍ ഗൗരിയമ്മ കോടിയേരി ബാലകൃഷ്ണന് കൈമാറിയിട്ടുണ്ട്. ജെ.എസ്.എസിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വസ്തുവകകള്‍ സംബന്ധിച്ചും ഗൗരിയമ്മയും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.