തുര്‍ക്കിയില്‍ വിക്കിപീഡിയയ്ക്ക് പൂട്ടിട്ട് എര്‍ദോഗന്‍; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശദീകരണം

തുര്‍ക്കി: തുര്‍ക്കിയില്‍ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് ഏര്‍ദോഗാന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ദേശീയ സുരക്ഷ കണക്കിലെടുത്താണ് സെറ്റിന് നിരോധനമെന്ന് തുര്‍ക്കി സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യകതമാക്കി. തുര്‍ക്കിയ്ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമായിരുന്നു. തുര്‍ക്കി സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിക്കി പീഡിയയില്‍ നിന്നും ഈ വിവരങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സൈറ്റിന് അടിയന്തിരമായി തുര്‍ക്കി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
തീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ പങ്കുചേരാതെ അന്തരാഷ്ട്ര തലത്തില്‍ തുര്‍ക്കിയ്ക്ക് എതിരായുള്ള ക്യാംപയിനില്‍ വിക്കിപീഡിയ ഭാഗമായെന്ന് നിരോധനമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് തുര്‍ക്കി സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിവരങ്ങള്‍ വിക്കിപീഡിയയയിലൂടെ ലഭ്യമാകുന്നു എന്നും തുര്‍ക്കി സര്‍ക്കാര്‍ ആരോപിച്ചു. നിലവില്‍ എല്ല ഭാഷയിലുമുള്ള വിക്കിപീഡിയ സൈറ്റിന് തുര്‍ക്കിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരോധനമേര്‍പ്പെടുത്തിയ തുര്‍ക്കി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സ് രംഗത്ത് വന്നു. വിവരങ്ങള്‍ ലഭ്യമാകുക എന്നത് മനുഷ്യാവകാശം ആണെന്നും ഈ പോരാട്ടത്തില്‍ താന്‍ തുര്‍ക്കിഷ് ജനതയോടൊപ്പം നില്‍ക്കുമെന്നും ജിമ്മി വെയില്‍സ് ട്വിറ്ററില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നേരത്തെ തുര്‍ക്കിയില്‍ താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുര്‍ക്കിയിലെ ഏകാധിപത്യ ഭരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് തുര്‍ക്കി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 2014 മാര്‍ച്ചിലാണ് തുര്‍ക്കിയില്‍ യൂടൂബിന് നിരോധനം ഏര്‍പ്പെടുത്തിയത്. 2016ലാണ് തുര്‍ക്കിയില്‍ വാട്ട്‌സ്അപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സെറ്റുകള്‍ക്കും താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.

© 2023 Live Kerala News. All Rights Reserved.