ഒരു ട്വീറ്റ് മതി മോഡിയിലേക്ക് എത്താന്‍, പക്ഷെ നാല് വര്‍ഷം കഴിഞ്ഞേ രാഹുല്‍ പ്രതികരിക്കൂ; കോണ്‍ഗ്രസ് നേതൃത്വത്തെ ‘കുത്തി’ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാവ്

കോണ്‍ഗ്രസ്, ബിജെപി നേതൃത്വങ്ങള്‍ തമ്മിലുളള പ്രധാന വ്യത്യാസമെന്താണ്? ചോദ്യം അസം മന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മയോടാണെങ്കില്‍ അദ്ദേഹത്തിനൊരു ഉത്തരമുണ്ട്. അതിങ്ങനെ-

‘പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആര്‍ക്കെങ്കിലും സമീപിക്കണമെങ്കില്‍ രണ്ട്, മൂന്ന് ട്വീറ്റിട്ടാല്‍ മതി. പ്രധാനമന്ത്രി പ്രതികരിക്കും. പക്ഷെ രാഹുല്‍ ഗാന്ധിയിലേക്ക് എത്തണമെങ്കില്‍ അയാള്‍ നാല്, അഞ്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.’

ഗുവാഹത്തിയില്‍ ഇന്ത്യാ ടുഡേ ചടങ്ങില്‍ സംസാരിക്കവെയാണ് ഹിമന്തയുടെ മേല്‍ പ്രതികരണം. 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ആളാണ് ഹിമന്ത.
അടിയന്തര ചികിത്സ വേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ കഥ ഹിമന്ത വിശദീകരിക്കുന്നു.
ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് ഒരു പെണ്‍കുട്ടിയെ അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്ന് ഗുവാഹത്തിയില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഒരു ട്വീറ്റ് വന്നു. ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷയോടെ ആയിരുന്നു ആ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പ്രതികരിച്ചു. പൊലീസ് സുഗമമായ ട്രാഫിക് സൗകര്യമൊരുക്കി. രാഷ്ട്രപതിയെ പോലെയാണ് അവളെ ആശുപത്രിയില്‍ എത്തിച്ചത്. ഇതാണ് പുതിയ ഇന്ത്യ. എന്നാല്‍ ഇതേകാര്യം തന്നെ ആവശ്യപ്പെട്ട് ഗുവാഹത്തി മെഡിക്കല്‍ കോളേജിലെ ആരെങ്കിലും രാഹുലിന് ട്വീറ്റ് ചെയ്താല്‍ അതിനുള്ള മറുപടി മൂന്ന് വര്‍ഷം കഴിഞ്ഞേ ലഭിക്കൂ.

ഏകാധിപത്യ വാഴ്ച്ചയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാര്‍ 2019 ഓടെ ഇല്ലാതാകും. 2022 ഓടെ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കപ്പെടും. സമൂഹത്തിലെ വിദ്യാസമ്പന്നരായ വിഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നുവരുമെന്നും ഹിമന്ത പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.