ന്യൂഡല്‍ഹി: മുത്തലാഖ് പോലുള്ള ദുരാചാരങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ മുസ്ലീം സമുദായം മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുസ്ലീം സ്ത്രീകളില്‍ നിന്നും എതിര്‍പ്പ് നേരിടുന്ന മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം വന്നിരിക്കുന്നത്. മെയ് 11 മുതല്‍ 19 വരെ ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടനയുടെ 13ാം വകുപ്പ് പറയുന്നുണ്ട്. ഇത് പ്രകാരം മുത്തലാഖ് വിഷയം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്നതടക്കമുളള കാര്യങ്ങളാണ് കോടതി പരിഗണിക്കുന്നത്. മുത്തലാഖും, ബഹുഭാര്യാത്വവും ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്ന കാര്യങ്ങളാണോയെന്നും കോടതി പരിശോധിക്കും.
മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് വ്യക്തമാക്കുന്നതാണ് 13ാം വകുപ്പ്. വ്യകതിനിയമങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരുമോയെന്ന ചോദ്യമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് ഉള്‍പ്പെടെയുളള കക്ഷികളോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. മുത്തലാഖ് സംബന്ധിച്ച് ഒരു കൂട്ടം ഹര്‍ജികളാണ് നിലവില്‍ സുപ്രീം കോടതിക്ക് മുന്‍പിലുളളത്. ഇതെല്ലാം ഒരുമിച്ചായിരിക്കും പരിഗണിക്കുക.
ശരിഅത്ത് നിയമം പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്ക് നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഏപ്രില്‍ പതിനാറിന് പറഞ്ഞിരുന്നു. മുത്തലാഖ് വിഷയത്തില്‍ ഏറെ തെറ്റിദ്ധാരണകളുണ്ട്. ഇത് ദൂരീകരിക്കാന്‍ മുത്തലാഖില്‍ പൊതുപെരുമാറ്റചട്ടം കൊണ്ടുവരുമെന്നും വ്യക്തി നിയമ ബോര്‍ഡ് അന്ന് വ്യക്തമാക്കുകയുണ്ടായി.