കോടതിയലക്ഷ്യമൊന്നും ഏശില്ല; വിവാദ ഉത്തരവുമായി ജസ്റ്റിസ് കര്‍ണന്‍ വീണ്ടും; സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാരുടെ വിദേശ യാത്രക്ക് വിലക്ക് !

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം ആറ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ഉത്തരോഇവര്‍ക്കെതിരായ കേസ് അവസാനിക്കുന്നത് വരെ വിദേശ യാത്ര അനുവദിക്കരുതെന്നാണ് ഉത്തരവ്. തന്റെ വീടിനെ കോടതിയായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏപ്രില്‍ 13ന് പട്ടികജാതി പട്ടിക വര്‍ഗ നിയമപ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ മറ്റ് ആറ് ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് കര്‍ണന്റെ ഉത്തരവിന്റെ നിയമപ്രാബല്യത്തെ കുറിച്ച് വ്യക്തതയില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്നായിരുന്നു കര്‍ണനെതിരായ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. മാര്‍ച്ച് 31ന് മുന്‍പ് കോടതി മുന്‍പാകെ ഹാജരാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് അംഗ് ഭരണഘടനാ ബെഞ്ച് അദ്ധേഹത്തിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലന്നായിരുന്നു കര്‍ണന്റെ നിലപാട്. താന്‍ ദളിതനായതുകൊണ്ടാണ് ഇരയാക്കപെടുന്നതെന്നും വിഷയം പാര്‍ലമെന്റിലേക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. തന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി തളളിയിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളികളഞ്ഞ വിവാദ ന്യായാധിപനാണ് കര്‍ണന്‍. തനിക്കെതിരെ നടപടിയെടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ പതിനാല് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായിരുന്നു കര്‍ണന്റെ നടപടി.
ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ സുപ്രീം കോടതി വാറന്റ് പുറപ്പെടുവിക്കുന്നത്. സുപ്രീം കോടതിയുടെ വാറന്റ് നിഷേധിച്ച ജസ്റ്റിസ് കര്‍ണന്റെ നടപടിയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതയില്ലാത്ത സംഭവമായിരുന്നു.

© 2023 Live Kerala News. All Rights Reserved.