വദ്രയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി; ഫരീദാബാദിലെ ഭൂമി വാങ്ങിയത് കുടുംബസ്വത്ത് ഉപയോഗിച്ച്

ന്യൂഡല്‍ഹി: ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയോ അദ്ദേഹത്തിന്റെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെയോ സാമ്പത്തിക ഇടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി. റോബര്‍ട്ട് വദ്രയ്ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച തുക ഫരീദാബാദില്‍ സ്ഥലം വാങ്ങാന്‍ പ്രിയങ്ക ഉപയോഗിച്ചു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പ്രസ്താവന ഇറക്കി ഇക്കാര്യം വിശദീകരിച്ചത്.
റോബര്‍ട്ട് വദ്രയ്ക്ക് ഭൂമിയിടപാടില്‍ നിന്ന് ലഭിച്ച തുക ഏതെങ്കിലും തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന മാധ്യമ അന്വേഷണം നിരന്തരം വദ്രയുടെ ഓഫീസിലേക്ക് വന്നിരുന്നു. ഡിഎല്‍എഫുമായുള്ള ഭൂമിയിടപാടില്‍ വദ്രയുടെ കമ്പനിയ്ക്ക് ലഭിച്ച തുക ഉപയോഗിച്ചാണോ പ്രിയങ്ക ഗാന്ധി ഫരീദാബാദില്‍ 5 ഏക്കര്‍ ഭൂമി വാങ്ങിയതെന്ന തരത്തിലുള്ള അന്വേഷമാണ് ഓഫീസില്‍ വന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പ് ഇറക്കിയത്.
പ്രിയങ്ക 2016 ഏപ്രിലിലാണ് 15 ലക്ഷം രൂപ നല്‍കി ഫരീദാബാദില്‍ സ്ഥലം വാങ്ങിയതെന്നും ഇത് റോബര്‍ട്ട് വദ്രയും ഡിഎല്‍എഫുമായുള്ള കരാറിന് ആറു വര്‍ഷം മുമ്പാണെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനിയില്‍ വ്യക്തമാക്കുന്നു.
സ്ഥലം 2010 ഫെബ്രുവരിയില്‍ ആദ്യത്തെ ഉടമസ്ഥനു തന്നെ അന്നത്തെ വിപണിമൂല്യമായ 80 ലക്ഷത്തിന് മറച്ചു വിറ്റുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനായുള്ള പണം ഭര്‍ത്താവ് വദ്രയില്‍ നിന്നല്ല ഇന്ദിര ഗാന്ധിയില്‍ നിന്ന് ലഭിച്ച കുടുംബ സ്വത്തില്‍ നിന്നാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെയോ അദ്ദേഹത്തിന്റെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെയോ സാമ്പത്തിക വിഷയങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രിയങ്ക ഇറക്കിയ പ്രസ്താവനിയില്‍ പറയുന്നു.

© 2023 Live Kerala News. All Rights Reserved.