ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ആരോപണ പ്രത്യാരോപണങ്ങളും അവകാശവാദങ്ങളുമായി ബിജെപിയും ആം ആദ്മിയും. തെരഞ്ഞെടുപ്പിലെ വിജയം മോഡി തരംഗമല്ലെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ തരംഗമാണെന്നുമാണ് ആം ആദ്മിയുടെ പ്രതികരണം. രാജ്യത്തെ മൊത്തത്തില്‍ ഇലക്ട്രോണിക് വോട്ടിങ് തരംഗത്തില്‍ നിന്നും മുക്തമാക്കാനുളള സമയം നീണ്ടുപോയെന്നും ആം ആദ്മി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.
ഇവിഎം തരംഗം മാത്രമാണ് വിജയത്തിന് കാരണം. രാജ്യമൊട്ടാകെ വോട്ടിങ് മെഷീനുകളിലെ കൃത്രിമത്വം ചൂണ്ടിക്കാട്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ രംഗത്തെത്തി.ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഇല്ലാതെ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനുളള തിരിച്ചടിയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തീവാരി പറഞ്ഞു. ഡല്‍ഹി ജനതയുടെ പിന്തുണ നേടുന്നതില്‍ ആം ആദ്മി പരാജയപ്പെട്ടു. കെജ്രിവാളിന്റെ നേതൃത്വം ഡല്‍ഹിക്കാര്‍ അവഗണിച്ച് കഴിഞ്ഞെന്നും ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് വിജയമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യമെങ്ങുമുളള ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വവും നയങ്ങളും അംഗീകരിക്കുന്നു. ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ ഇപ്പോള്‍ ഡല്‍ഹി, എന്നീ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത് അതാണെന്നും അമിത് ഷാ വ്യക്തമാക്കി.
Also Read; ലീഡ് നിലയില്‍ ബിജെപിയുടെ ആധിപത്യം; ഡല്‍ഹി കോര്‍പ്പറേഷനുകള്‍ മൂന്നാംതവണയും ബിജെപി ഭരണത്തിലേക്ക്? കോണ്‍ഗ്രസിനെ പിന്തളളി ലീഡുയര്‍ത്തി ആം ആദ്മി
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത് പോയതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ രാജിവെച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ നല്ലതുപോലെ പ്രചാരണം നടത്തി. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് തിരിച്ചുവരാന്‍ സാധിച്ചു. വോട്ട് ശതമാനം വര്‍ധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിലധികം നേട്ടം കരസ്ഥമാക്കും. വരുന്ന ഒരു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ പദവികളില്‍ നിന്നും താന്‍ മാറി നില്‍ക്കുകയാണെന്നും അജയ്മാക്കന്‍ പറഞ്ഞു.