സുപ്രീംകോടതി വിധി കിട്ടിയശേഷം സെന്‍കുമാറിന്റെ കാര്യത്തില്‍ നിയമപരമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി സുപ്രീംകോടതിയാണ്. നമ്മുടെ രാജ്യം നിയമവാഴ്ചയുളള രാജ്യമാണ്. സര്‍ക്കാര്‍ തീരുമാനിക്കുന്ന നടപടികളില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതികളുളളത്. ഭരണരംഗത്തുളള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നവയുണ്ടാകും. ഭരണരംഗത്തുളളവയില്‍ തന്നെ നിയമപരമായ നടപടികളാണ് കോടതികള്‍ പരിശോധിക്കുന്നത്. ഇവിടെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി വന്നിട്ടുണ്ട്. നേരത്തെ ഡിജിപി സ്ഥാനത്തുണ്ടായിരുന്നയാള്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി. കോടതിവിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണ വിധി കൈയില്‍ കിട്ടുമെന്നാണ് കരുതുന്നത്. വിധി കിട്ടി കഴിഞ്ഞാല്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് എന്താണോ, അതിന്റെ അടിസ്ഥാനത്തില്‍ ആ നടപടികള്‍ സ്വീകരിക്കും. അതേസമയം കോടതി വിധി സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.