എംഎം മണിയെ തള്ളി മുഖ്യമന്ത്രി; പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ കൂട്ടായ്മയാണ്, അതിനെ മോശമായി പറയുന്നത് ശരിയല്ല; മണിയോട് സംസാരിക്കും

ന്യൂ ഡല്‍ഹി: പെമ്പിളൈ ഒരുമൈയ്ക്കെതിരെ മന്ത്രി എംഎം മണിയുടെ പ്രസ്താവന ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഉണ്ടായ സ്ത്രീകളുടെ ഒരു പ്രതിഷേധ കൂട്ടായ്മയാണ് അത്. അതിനെ മോശമായി പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് കാര്യങ്ങള്‍ പറഞ്ഞയാളുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശത്തെത്തുടര്‍ന്ന് മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ പ്രക്ഷോഭം. മന്ത്രി മണി നേരിട്ട് വന്ന് മാപ്പ് പറയാതെ റോഡില്‍ നിന്ന് മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. തങ്ങള്‍ ബോണസിന് വേണ്ടിയാണ് സമരം ചെയ്തതെന്നും തങ്ങളെ വേശ്യകളായി ചിത്രീകരിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ പറഞ്ഞു. പൊമ്പളൈ ഒരുമൈ സമരനേതാവ് ഗോമതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ മൂന്നാര്‍ ടൗണിലൂടെ പ്രകടനം നടത്തി.
റോഡില്‍ കുത്തിയിരുന്നതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ സ്ഥലത്ത് പൊലീസ് എത്തിച്ചേര്‍ന്നു. അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിന് വഴി വെച്ചു.പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സമരക്കാരെ റോഡരികിലേക്ക് മാറ്റി ഗതാഗതപ്രശ്നം പൊലീസ് പരിഹരിച്ചു. മന്ത്രി നേരിട്ട് വരാതെ മാറില്ലെന്ന് പ്രഖ്യാപിച്ച സമരക്കാരെ വനിതാപൊലീസിന്റെ അകമ്പടിയോടെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പൊമ്പളൈ ഒരുമ സമരകാലത്ത് സകല വൃത്തികേടുകളും നടന്നെന്നായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച എംഎം മണിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ ദുഖിക്കുന്നുവെന്നായിരുന്നു പികെ ശ്രീമതി എംപിയുടെ പ്രതികരണം. പ്രസംഗത്തില്‍ മന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നു. സമരത്തെ അനുകൂലിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു. പ്രസ്താവന നിര്‍ഭാഗ്യകരമായെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.