ന്യൂഡല്‍ഹി: അണ്ണാഡിഎംകെ രണ്ടില ചിഹ്നം ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ സഹായിയെ വിട്ട ടിടിവി ദിനകരനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിനകരനെ പൊലീസ് ചോദ്യം ചെയ്യുന്നത്. എഐഎഡിഎംകെ അമ്മയുടെ ഡെപ്യൂട്ടീ ജനറല്‍ സെക്രട്ടറിയായിരുന്ന ദിനകരനെ ശനിയാഴ്ച ഏഴ് മണിക്കൂര്‍ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ദിനകരനെ ചോദ്യം ചെയ്യുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് വീണ്ടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ദിനകരന്‍ എത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത സുകേശ് ചന്ദ്രശേഖരന് ദിനകരനുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നത്. തനിക്ക് 50 കോടി രൂപ ദിനകരന്‍ വാഗ്ദാനം ചെയ്തിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടാന്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാണ് ഇതെന്നും കുറച്ചു പണം നല്‍കിയതായുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒന്നര കോടയിലധികം രൂപ സുകേശിന്റെ കയ്യിലുണ്ടായിരുന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ സാധിച്ചാല്‍ 50 കോടി രൂപയാണ് ദിനകരന്‍ വാഗ്ദാനം നല്‍കിയതെന്ന് 27 വയസുകാരനാണ് സുകാശ് പൊലീസിനോട് വെളിപ്പെടുത്തിയത്.
അണ്ണാഡിഎംകെ ലയന സാധ്യതകളില്‍ പനീര്‍ശെല്‍വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനമായ കാര്യം ശശികലയേയും കുടുംബത്തേയും പുറത്താക്കണമെന്നതാണ്. ഇത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും അംഗീകരിക്കുകയും പാര്‍ട്ടിയില്‍ നിന്ന് മന്നാര്‍ഗുഡി മാഫിയയെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇതിന് ഔദ്യോഗികമായ ഉറപ്പ് കിട്ടണമെന്ന ആവശ്യവും പളനിസാമി പക്ഷം അംഗീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കോഴ വിവാദം കൂടിയായതോടെ ദിനകരന്റെ രാഷ്ട്രീയഭാവി തുലാസിലാണ്.