കോഴ കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ ദിനകരന്‍ ഡല്‍ഹിയില്‍; ഒപിഎസ്- ഇപിഎസ് ചര്‍ച്ചയില്‍ പുറത്താകുമെന്ന് ഉറപ്പായതോടെ ചെന്നൈ വിട്ടു

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമം നടത്തിയതിന് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ടിടിവി ദിനകരന്‍ ഡല്‍ഹിയിലെത്തി. അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ചിന്നമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഔദ്യോഗികമായി തന്നെ തെറിക്കുമെന്ന് ഉറപ്പായതോടെയാണ് ദിനകരന്‍ ചെന്നൈ വിട്ടത്. തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ഇടനിലക്കാരന് കോടികള്‍ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ഡല്‍ഹി പൊലീസ് ബുധനാഴ്ച രാത്രിയില്‍ നോട്ടീസ് നല്‍കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദിനകരന്‍ എന്‍ആര്‍ഐ ആണെന്നും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും കാണിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇടനിലക്കാരനായ സുകാശ് ചന്ദ്രശേഖറെ ഒന്നര കോടിരൂപയുമായി പിടികൂടിയതോടെയാണ് ദിനകരന്റെ പങ്ക് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ സാധിച്ചാല്‍ 50 കോടി രൂപയാണ് ദിനകരന്‍ വാഗ്ദാനം നല്‍കിയതെന്ന് 27 വയസുകാരനാണ് സുകാശ് പൊലീസിനോട് വെളിപ്പെടുത്തിയത്.
അണ്ണാഡിഎംകെ ലയന സാധ്യതകളില്‍ പനീര്‍ശെല്‍വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനമായ കാര്യം ശശികലയേയും കുടുംബത്തേയും പുറത്താക്കണമെന്നതാണ്. ഇത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും അംഗീകരിക്കുകയും പാര്‍ട്ടിയില്‍ നിന്ന് മന്നാര്‍ഗുഡി മാഫിയയെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇതിന് ഔദ്യോഗികമായ ഉറപ്പ് കിട്ടണമെന്ന ആവശ്യവും പളനിസാമി പക്ഷം അംഗീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയായി പളനിസാമി തുടരുകയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഒ പനീര്‍ശെല്‍വവും എന്നതാണ് നിലവിലെ ഫോര്‍മുല. ഇതും മറ്റ് കാര്യങ്ങളും ഇരുവിഭാഗവും അംഗീകരിച്ചാല്‍ ജയലളിതയുടെ മരണശേഷം പിളര്‍ന്ന അണ്ണാഡിഎംകെ ഒന്നാകും.

© 2024 Live Kerala News. All Rights Reserved.