ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കഴിയുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ നടപടികളെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ചു കൊണ്ടാണ് രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശം.
രാജ്യത്തിന്റെ രണ്ട് ഇടങ്ങളില്‍ കശ്മീരി യുവാക്കളോട് ആളുകള്‍ അപമര്യാദയോടെ പെരുമാറിയെന്ന് കഴിഞ്ഞ ദിവസം രാത്രി കേട്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാജസ്ഥാന് പുറമെ ഉത്തര്‍പ്രദേശിലും കശ്മീരി വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിന് ഇരയായെന്ന് വാര്‍ത്തയുണ്ടായിരുന്നു.
കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കാട്ടി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ബുധനാഴ്ച്ച രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലയിലെ ആറ് കശ്മീരി വിദ്യാര്‍ത്ഥികളാണ് പ്രാദേശിക സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. എന്തിനാണ് മര്‍ദ്ദിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
പലച്ചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. പേരും എവിടെ നിന്ന് വരുന്നെന്നും ചോദിച്ചതിന് ശേഷം അഞ്ചംഗ സംഘം വിദ്യാര്‍ത്ഥികളെ പൊതിരെ തല്ലി. അക്രമികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മേവാര്‍ സര്‍വകലാശാലയില്‍ അഞ്ഞൂറോളം കശ്മീരി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവരില്‍ 300 പേരും ജമ്മു സ്വദേശികളാണ്. ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാചകം ചെയ്തെന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം ആക്രമണത്തിന് ഇരയായിരുന്നു.
കശ്മീരില്‍ ഇന്ത്യന്‍ സൈനികനെ ഒരു കൂട്ടം ആളുകള്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ കശ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുന്നില്‍ വെച്ചുകെട്ടി സൈന്യം പരേഡ് നടത്തുന്ന ദൃശ്യങ്ങളും പറത്തുവന്നു. സൈന്യത്തിനെതിരായ ആക്രമണത്തിലും യുവാവിനെ ബോണറ്റില്‍ വെച്ചു കെട്ടിയതിലും ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.