കോട്ടയം: യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ ക്ഷണം നിരസിച്ച് കെഎം മാണി. തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കേരള കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നും തീരുമാനം ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഹസന്റെ ക്ഷണത്തെ കുറിച്ച് മാണി പ്രതികരിച്ചു.
ആരോടും അന്ധമായ വിരോധമോ സൗഹൃദമോ ഇല്ല. മലപ്പുറത്ത് കേരള കോണ്‍ഗ്രസ് നല്‍കിയ പിന്തുണ മുസ്ലിം ലീഗിനാണെന്നും മാണി പറഞ്ഞു. മലപ്പുറത്ത് കെ.എം മാണി നല്‍കിയത് യുഡിഎഫിനുളള പിന്തുണയായിരുന്നുവെന്ന ഹസന്റെ പരാമര്‍ശമാണ് മാണി തിരുത്തിയത്. മലപ്പുറത്തെ ലീഗ് വിജയത്തില്‍ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. യുഡിഎഫിലേക്ക് ഉടന്‍ തിരിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കെഎം മാണി കോട്ടയത്ത് നടത്തിയ പ്രതികരണം. എന്നാല്‍ ഉടന്‍ മടക്കമില്ലെന്ന് പറയുമ്പോഴും നിലപാട് മയപ്പെടുത്തിയാണ് മാണിയുടെ ഓരോ വാക്കുമെന്നതും ശ്രദ്ധേയമാണ്.
മാണിയുടെ മടങ്ങിവരവ് ഈ വെളളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ ചുമതലയുളള എം.എം ഹസന്‍ രാവിലെ പറഞ്ഞത്. സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം വേണമോ എന്നുളള കാര്യവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചരല്‍ക്കുന്നില്‍ ചേര്‍ന്ന സമ്മേളനത്തോടെ കെ.എം മാണി യുഡിഎഫ് വിട്ടിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കുകയും ചെയ്തു. ഇതോടെയാണ് യുഡിഎഫ് പ്രവേശനം വീണ്ടും ചര്‍ച്ചയായത്. മുസ്ലിംലീഗിന്റെ കത്ത് കിട്ടിയതിന് ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് മാണി ഇതിന് നല്‍കിയ വിശദീകരണം.