സൂപ്പര്‍മാനായി സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തോറ്റെങ്കിലും ഡല്‍ഹി ടീമിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. ഡല്‍ഹിക്കായി ടോപ് സ്‌കോററായ സഞ്ജു ഫീല്‍ഡിംഗില്‍ ഒരു സിക്സ് അവിശ്വസനീയമായി തട്ടിയകറ്റിയത് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി.

മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലായിരുന്നു സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഫീല്ഡിംഗ്. മനീഷ് പാണ്ഡ്യ മോറിസിന്റെ പന്തില്‍ ബൗണ്ടറി ലൈനിന്റെ അപ്പുറത്തേയ്ക്ക് ഉയര്‍ത്തിയടിച്ച പന്ത് സഞ്ജു വായുവില്‍ പറന്ന് ഗ്രൗണ്ടിനുള്ളിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. ഫിറോഷ് ലാ കോട്ലയിലെ കാണുകളും സഹതാരങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ് സഞ്ജുവിന്റെ മനോഹര ഫീല്‍ഡിംഗിന് പിന്തുണ നല്‍കിയത്.

നേരത്തെ ബാറ്റിംഗിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. ക്ലാസിക്ക് ഷോട്ടുകളാല്‍ സമ്പന്നമായ ഇന്നിംഗ്‌സില്‍ 25 പന്തില്‍ 39 റണ്‍സാണ് സഞ്ജു നേടിയത്. കൃത്യമായ സങ്കേതിത്തികവോടെ കളിച്ച മലയാളി താരം എണ്ണം പറഞ്ഞ ഏഴ് ബൗണ്ടറികളും മത്സരത്തില്‍ സ്വന്തമാക്കി. കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ക്കെതിരെ പതര്‍ച്ചയേതുമില്ലാതെ കളിച്ച സഞ്ജുവിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഇന്നിംഗ്‌സ് അര്‍ധ സെഞ്ച്വറിയായി മാറ്റാന്‍ സാധിക്കാതെ പോയത്. ഒരു ഘട്ടത്തില്‍ ഉമേശ് യാദവിന്റെ ഒരോവറില്‍ നാല് ബൗണ്ടറി വരെ ഈ മലയാളി താരം നേടിയിരുന്നു.

ഐപിഎല്ലിലെ ഇത് രണ്ടാമത്തെ മികച്ച ഇന്നിംഗ്സാണ് സഞ്ജുവിന്റേത്. നേരത്തെ പൂണെ സൂപ്പര്‍ ജെയ്ന്റസിനെതിരെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. 63 പന്തില്‍ എട്ട് ബൗണ്ടറിയും ആറ് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അന്ന് ഡല്‍ഹി 97 റണ്‍സിനാണ് പൂണെയെ തോല്‍പിച്ചത്.

© 2024 Live Kerala News. All Rights Reserved.