പെണ്‍കുട്ടികളുടെ മരണം: ഐജി മനോജ് എബ്രഹാമിന്റെ പ്രസ്താവന അന്വേഷിക്കണം; ബിന്ദു കൃഷ്ണ

 

തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികള്‍ മരിച്ചത് വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണെന്നുള്ള ഐജി മനോജ് എബ്രഹാമിന്റെ പ്രസ്താവനയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ.

വീട്ടിലെ ദാരിദ്ര്യം കൊണ്ടുള്ള ദുഃഖം കാരണമാണ് കുട്ടികള്‍ വീടുവിട്ടുപോയതെന്ന ഐജിയുടെ പ്രസ്താവന തെറ്റും നിരുത്തരവാദിത്വപരവുമാണ്. കേസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടയാള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ തന്നെ തെറ്റായ പ്രസ്താവനകളിറക്കുന്നത് ന്യായീകരിക്കാനാകില്ല.

മരിച്ച കുട്ടികളുടെ വീട്ടില്‍പോയപ്പോള്‍ ദാരിദ്യം കാരണം വീടുവിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു വീട്ടുകാര്‍ അറിയിച്ചത്. ബുദ്ധിമുട്ടുകളുണ്ടെങ്കിലും കുട്ടികള്‍ക്ക് നല്ലവിദ്യാഭ്യാസം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു ബിന്ദുകൃഷ്ണ പറഞ്ഞു.

വിദ്യാര്‍ഥികളുെട മരണം അത്മഹത്യയാണെന്നും സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നുമുള്ള ഐ.ജി മനോജ് എബ്രഹാമിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസ് അന്വേഷണത്തിന് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത് എഡിജിപി സന്ധ്യയാണ്. ഉമ ബഹ്‌റയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

അതിനിടെ, മരിച്ച പെണ്‍കുട്ടികളുടെ വീട് വനിത കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി സന്ദര്‍ശിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്ന് വനിത കമ്മിഷന്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.