ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാന്‍ പതിനായിരങ്ങളെ അണിനിരത്തുമെന്ന് കോണ്‍ഗ്രസ്; മൂന്നാറില്‍ ഇന്ന് പ്രകടനവും പ്രതിഷേധയോഗവും

 

മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ശ്രീറാമിന് പിന്തുണയര്‍പ്പിച്ച് ഇന്ന് കോണ്‍ഗ്രസ് മൂന്നാറില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തും. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സിപിഐ(എം) രംഗത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് ശ്രീറാമിന് പിന്തുണയുമായെത്തുന്നത്. ഇടുക്കിജില്ലയിലെ സിപിഐ(എം) നേതാക്കളടക്കമുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ നടപടി സ്വീകരിച്ചാല്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി സുരക്ഷയൊരുക്കുമെന്നാണ് ഇടുക്കി ഡിസിയുടെ പ്രഖ്യാപനം.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെ പൊലീസിന്റെ സാന്നിധ്യത്തില്‍ സിപിഐ(എം) തടഞ്ഞത് വാര്‍ത്തയായിരുന്നു. സബ് കളക്ടറെ അസഭ്യം പറഞ്ഞ സിപിഐ(എം) പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ചിന്നക്കലാല്‍ ഉള്‍പെടെയുള്ള മേഖലകളില്‍ സിപിഐ(എം) നേതാക്കള്‍ കയ്യേറിയ ഭൂമിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് സബ്ബ് കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി ജയരാജനെ ബന്ധപ്പെട്ടാണ് സബ്കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ദേവികുളം ടൗണിന് സമീപത്തെ കച്ചേരി സെറ്റില്‍മെന്റിലെ പത്തുസെന്റ് സ്ഥലം ഒഴിപ്പിക്കാനാണ് സബ്കളക്ടര്‍ അഞ്ചംഗസംഘത്തെ നിയോഗിക്കുന്നത്. ഇവരെ സിപിഐഎം അംഗവും ദേവികുളം ഗ്രാമപഞ്ചായത്ത് അംഗവുമായ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ സബ്കളക്ടറോടും സംഘം തട്ടിക്കയറി.

റവന്യു ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സബ്കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും പൊലീസുകാര്‍ അനുസരിക്കുകയുമുണ്ടായില്ല.

© 2024 Live Kerala News. All Rights Reserved.