കൊല്‍ക്കത്ത: തന്റെ തലയ്ക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ബിജെപി യുവനേതാവിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിന്ദ്യമായ വാക്കുകളാലുള്ള ആക്രമണം തനിക്കെതിരെ പതിവാണ്. അത് എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം തങ്ങള്‍ മുന്നേറി കൊണ്ടിരിക്കുകയാണെന്ന് ദൊമ്കലിലെ പൊതുറാലിയില്‍ മമത പറഞ്ഞു.
ബിര്‍ബൂമില്‍ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി നടന്ന റാലിയിലെ പൊലീസ് നടപടിയില്‍ രോഷം പൂണ്ടാണ് മമതയ്‌ക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച നേതാവ് വര്‍ഷണേയ് രംഗത്തെത്തിയത്. ഹിന്ദുക്കളെ ഉന്നംവെയ്ക്കുന്ന മമതാ ബാനര്‍ജി പിശാചാണെന്നും വര്‍ഷണേയ് പറഞ്ഞിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത വിശ്വാസികള്‍ നടത്തിയ റാലിയിലാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നും ലാത്തിച്ചാര്‍ജ്ജ് നടത്തിയത് എന്തിനാണെന്നും ബിജെപി നേതാവ് ചോദിച്ചിരുന്നു. രാം നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളെ മാത്രമാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും നേതാവ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയും മമത നല്‍കിയിട്ടുണ്ട്.
‘എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ അധിക്ഷേപിക്കാം. അവര്‍ക്ക് മാപ്പ് നല്‍കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. എന്താണ് പറയുന്നതെന്ന് അവര്‍ക്ക് അറിയില്ല’ മമത പറഞ്ഞു.
ഇതേമസയം മമതയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ബിജെപി യുവനേതാവിന്റെ തലയ്ക്ക് 22 ലക്ഷം ഇനാം പ്രഖ്യാപിച്ച് കൊല്‍ക്കത്തയിലെ ഒരു മുസ്ലീം പണ്ഡിതന്‍ രംഗത്തെത്തി.