മെക്‌സിക്കോസിറ്റി: നോര്‍ത്ത് മെക്‌സിക്കന്‍ നഗരമായ സിനലോയില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിട്ടു കൊല്ലപ്പെടുത്തി. എല്‍ദോറാഡോയിലെ ഐഎംഎസ്എസ് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ വന്നുവീണ യുവാവ് തല്‍ക്ഷണം മരിച്ചു. മയക്കുമരുന്നിനും കള്ളക്കടത്തിനും കുപ്രസിദ്ധി നേടിയ നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം 7.30നാണ് സംഭവം നടന്നത്.
ആശുപത്രി കെട്ടിടത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന വിമാനത്തില്‍ നിന്ന് യുവാവിനെ ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചതെന്ന് ആശുപത്രിയിലെ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. സമാനമായ രീതിയില്‍ കുലിയകാന് 60 കിലോമീറ്റര്‍ തെക്ക് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേ വിമാനത്തില്‍ നിന്ന് തന്നെ തള്ളിയിട്ട് കൊന്നതാവാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, മരിച്ച ശേഷമാണോ ജീവനോടെയാണോ യുവാവിനെ തള്ളിയിട്ടതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. കാര്‍ഷിക മേഖലയായ ഇവിടെ പുകയ്ക്കലിനും മറ്റും ചെറുവിമാനങ്ങള്‍ ഉപയോഗിക്കുക പതിവാണ്. മയക്കുമരുന്ന് സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇവിടെ പതിവാണ്. കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരി ജോക്വിന്‍ ചോപോ ഗുസ്മാന്റെ ജന്മദേശമാണ് സിനലോവ. 2016ല്‍ അറസ്റ്റിലായ ഇയാളെ ഈ വര്‍ഷമാദ്യം അമേരിക്കയിലേക്ക് നാടുകടത്തിയിരുന്നു.