അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രി ജമ്മുവില്‍

 

ജമ്മു: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലും സംസ്ഥാനത്തും ഒരുക്കിയ കനത്ത സുരക്ഷയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലെത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദി ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും ഇതോടെ ഇന്ത്യ പാക് ബന്ധത്തിലുണ്ടായ ഉലച്ചിലുകളുടെയും പശ്ചാത്തലത്തിലാണ് മോദി ജമ്മു സന്ദര്‍ശനം.

ഇവിടെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഏതാനും വികസപദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെയും 70,000 കോടി രൂപയുടെ പ്രത്യേക പാക്കേജിന്റെയും പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. പ്രധാനമന്ത്രി ഇന്നുതന്നെ ഡല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനെത്തത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അതിര്‍ത്തില്‍ ബിഎസ്എഫ് കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

ജനവാസമേഖലകളിലേക്ക് ഉള്‍പ്പെടെ പാക്കിസ്ഥാന്‍ തുടര്‍ച്ചായി ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ആര്‍.എസ്. പുര സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ നാല് ഗ്രാമീണര്‍ക്ക് പരുക്കേറ്റിരുന്നു. അഖ്‌നൂര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് ബിഎസ്എഫ് ജവാന്‍മാരടക്കം നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷസാഹചര്യങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യസെക്രട്ടറിയും പാക്ക് അധികൃതരുമായി ചര്‍ച്ച നടത്തുകയും പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിതിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.