ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടു പോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ മോചിപ്പിച്ചു. സൊമാലിയന്‍ സുരക്ഷാ സേനയാണ് കപ്പല്‍ മോചിപ്പിച്ചത്. കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ സാധിച്ചില്ല. ഇവരെ കൊള്ളക്കാര്‍ ബന്ദികളാക്കി വെച്ചിരിക്കുകയാണ്.
പതിനൊന്ന് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേരെ മാത്രമാണ് സുരക്ഷാ സേനക്ക് മോചിപ്പിക്കാനായത്. ബാക്കി ഒമ്പതുപേരെയും കൊളളക്കാര്‍ തട്ടികൊണ്ടുപോയി. മുബൈ സ്വദേശികളാണ് കപ്പലിലെ ജീവനക്കാര്‍ എല്ലാവരും. പെട്ടന്നുളള ആക്രമണത്തില്‍ കപ്പല്‍ പിടിച്ചെടുക്കാനായതായി ഗല്‍മുഗഡ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷി അറാബേ പറഞ്ഞു. എന്നാല്‍ കപ്പല്‍ ജീവനക്കാരില്‍ രണ്ടുപേരെ മാത്രമേ രക്ഷിക്കാനുയുളളൂവെന്നും രക്ഷപ്പെട്ട കൊളളക്കാരെ പിന്തുടര്‍ന്നെങ്കിലും മലനിരകളിലേക്ക് ഇവര്‍ രക്ഷപ്പെട്ടന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജയിലിലുളള 117 സൊമാലിയന്‍ കടല്‍ക്കൊളളക്കാരെ മോചിപ്പിക്കുന്നതിനായാണ് ജീവനക്കാരെ തട്ടികൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ദികളെ സുരക്ഷിതമായി തിരിച്ചയക്കാമെന്നും ജയിലുളവരെ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടാതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.