സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു. പത്തുവര്‍ഷത്തോളം നാദാപുരത്തും അഞ്ചുവര്‍ഷം വടകരയിലും ദേശാഭിമാനി ലേഖകനായിരുന്ന ശ്രീജിത്ത് ഇപ്പോള്‍ പത്രത്തിന്റെ പരസ്യവിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇന്നലെയാണ് പാര്‍ട്ടി സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ച്് കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായ ശ്രീജിത്തിനെ സിപിഐഎം പുറത്താക്കിയത്.
പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്നും നടപടി സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മഹിജയും ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്തും അടക്കുമുളളവര്‍ നടത്തി വന്ന നിരാഹാരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും ശ്രീജിത്തിനെ പുറത്താക്കിയതും. പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ഈ മാസം 15ന് വളയത്ത് സിപിഐഎം ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്. എളമരം കരീം അടക്കമുളളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.
പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ആയിരുന്നില്ല താന്‍ അടക്കമുളള ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരമെന്ന് ശ്രീജിത്ത്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതിനിഷേധമുണ്ടായി. ഷാജിര്‍ഖാന്‍ അടങ്ങുന്ന എസ്‌യുസിഐ പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.